
ഇത് ഇന്നിന്റെ യൗവനം
പടിഞ്ഞാറിന്റെ കടിഞ്ഞാണ്‍ പൊട്ടിയ
പുറപ്പാടുകളെ തെളിനീരെന്ന് തെറ്റിദ്ധരിച്ചവന്‍
മാളും മെയിലും മൊബൈലും
മതിയില്‍ മത്തായെടുത്തവന്‍
നുരഞ്ഞു പതയുന്ന പളുങ്കു ഗ്ലാസ്സുകളെ
മുറുകെപ്പിടിക്കാന്‍ കരങ്ങളേന്തുന്നവന്‍
വിദേശം മോന്തി മോക്ഷം
കണ്ടെത്താന്‍ ശ്രമിക്കുന്നവന്‍
വികാരവിറളിക്കിരയായ സ്വന്തം അമ്മ
നിന്നൊട് വിളിച്ച് ചോദിച്ചിരുന്നു
മകനെ,നിനക്കെങ്ങനെ അച്ഛന്റെ
ഘാതകനാകാന്‍ കഴിഞ്ഞുവെന്ന്!
മയക്കു സൂചി കുത്തിയിറക്കപ്പെട്ട സിരകളും
കഞ്ചാവും കറുപ്പും കണ്ണുകളില്‍ തീര്‍ത്ത മാറാലകളും
പബ്ബുകളിലെ അരണ്ട വെളിച്ചത്തില്‍ നിശാസുന്ദരികള്‍ക്കൊപ്പം
നീ ആടിയപ്പോള്‍ നിനക്ക് പശ്ചാത്തലം തീര്‍ത്ത
റോക്കും പോപ്പും കര്‍ണ്ണപുടങ്ങളില്‍ തീര്‍ത്ത ദ്വാരങ്ങളും
തിരിച്ചറിവിന്റെ തിരിനാളങ്ങളെ ഊതിക്കെടുത്തിയിരുന്നു
മരവിച്ച് പോയ മനസ്സിന്റെ ഭിത്തികളില്‍
അമര്‍ത്തിയമര്‍ത്തി എഴുതുക നീ
മനുഷ്യന്‍....മനുഷ്യന്‍......
കലുഷിതക്കാര്‍മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും
സ്നേഹപ്പെരുമഴയായ് നീ പെയ്തിറങ്ങുക
സാന്ദ്രമാകട്ടെ സകലതും....
